ചേരാനല്ലൂർ അപകടം നടന്ന് മിനിറ്റുകൾക്കകം ക്രൈംസീനിലെത്തിയ ജഡ്ജും ഭാര്യയും സ്ഥലത്ത് മണിക്കൂറുകളോളം ചെലവിട്ടു. മൊഴി നൽകാൻ മകന് നിർദേശം നൽകിയതിനൊപ്പം കാറിലെ ബോർഡടക്കം മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപണം. തുടർച്ചയായ രണ്ടാംദിവസവും ജഡ്ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.
അപകടത്തിന് പിന്നാലെ പതിനേഴുകാരൻ ആദ്യം വിളിച്ചത് പിതാവായ ജഡ്ജിനെയാണ്. പുലർച്ചെ 2.21ന് മറ്റൊരു കാറിൽ ജഡ്ജും ഭാര്യയും അപകടം നടന്ന സ്ഥലത്തെത്തി. പതിനഞ്ച് മിനിറ്റിനകം സ്ഥലത്തെത്തിയ ജഡ്ജ് മകനെ സുരക്ഷിതമായി തന്റെ കാറിലേക്ക് മാറ്റി. ശേഷം സുഹൃത്തിനെ വിളിച്ചുവരുത്തി. അപകടസ്ഥലത്ത് മറ്റൊരു കാർ എത്തിയെന്ന് ദൃക്സാക്ഷിയും വെളിപ്പെടുത്തി. ഡ്രൈവിങ് സീറ്റിൽ സ്ത്രീയായിരുന്നുവെന്നും കാറിന് പുറകിൽ ഒരു യുവാവ് മുഖംപൊത്തി കിടന്നിരുന്നുവെന്നും മൊഴി. ജയബാലകൃഷ്ണന്റെ സ്കൂട്ടറിന് സമീപമാണ് ഈ കാർ നിർത്തിയിരുന്നതെന്നും ദൃക്സാക്ഷി ബിഗ് ടിവിയോട് പറഞ്ഞു.
പുലർച്ചെ അഞ്ച് മണിവരെ ജഡ്ജ് അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു. ഇതിനിടയിൽ എന്ത് സംഭവിച്ചുവെന്നതിലാണ് പൊലീസിന്റെ അന്വേഷണം. ബെൻസ് കാറിന്റെ മുന്നിലും പുറകിലുമുണ്ടായിരുന്ന ജില്ലാ ജഡ്ജെന്ന ബോർഡ് ഈ സമയമാണ് നീക്കം ചെയ്തതെന്നാണ് നിഗമനം. ഒപ്പം മകന് എന്ത് മൊഴി നൽകണമെന്ന് നിർദേശിച്ചുവെന്നാണ് നിഗമനം. കാർ കൊണ്ടുപോയത് വീട്ടുകാർ അറിയാതെയെന്ന മൊഴി കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. മഴകാരണം കാഴ്ചമറഞ്ഞുവെന്നും പതിനേഴുകാരന്റെ മൊഴിയിലുണ്ട്. യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ചുവെന്നാണ് മറ്റൊരു മൊഴി. ഇത് ആസൂത്രിതമെന്നാണ് നിഗമനം. ചോദ്യം ചെയ്യലിൽ മകൻ ബെൻസ് കൊണ്ടുപോയത് രഹസ്യമായെന്നാണ് ജഡ്ജും മൊഴി നൽകിയത്. മൊഴികളിലെ ഈ സാമ്യവും സംശയത്തിന് ഇട നൽകുന്നു. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും ശേഖരിച്ച് ശേഷം ജഡ്ജിനെ വീണ്ടും ചോദ്യം ചെയ്യന്നത്. മകനെ രക്ഷിക്കാൻ എല്ലാവഴികളും ജഡ്ജ് പ്രയോജനപ്പെടുത്തുകയാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അപകടം നടന്നതിന് പിന്നാലെ നടന്ന ഗൂഡാലോചനയിൽ സമഗ്ര അന്വേഷണംവേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
