ബൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കസ്റ്റംസ്. ഉദ്യോഗസ്ഥർ പല വാഹനങ്ങളുടെയും രജിസ്ട്രേഷൻ നടത്തിയത് കള്ളക്കടത്ത് വാഹനങ്ങളെന്ന് അറിഞ്ഞുകൊണ്ടാണെന്നും കണ്ടെത്തി. കേരളത്തിലെത്തിയ പകുതിയിലേറെ വാഹനങ്ങളും ഉടമകളും കള്ളക്കടത്ത് സംഘങ്ങളും ചേർന്ന് പൂഴ്ത്തിയെന്നും കണ്ടെത്തൽ.
കൊച്ചി കസ്റ്റംസ് തുടങ്ങിവെച്ച ഓപ്പറേഷൻ നുംഖോറിലാണ് വർഷങ്ങളായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന വാഹനകള്ളക്കടത്ത് പുറത്തുകൊണ്ടുവന്നത്. രണ്ട് വർഷം പിന്നിടുമ്പോഴും രാജ്യത്തെത്തിയ ഭൂരിഭാഗം വാഹനങ്ങളും കണ്ടെത്താനായിട്ടില്ല. 200 വാഹനങ്ങൾ കേരളത്തിലെത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ എഴുപത് വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ള വാഹനങ്ങളെല്ലാം സംസ്ഥാനത്തിന് പുറത്തേക്ക് കടത്തി ഒളിപ്പിച്ചുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. റെയ്ഡിന് പുറമെ നാട്ടുകാരടക്കം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടൻമാരുടേതടക്കമുള്ള വാഹനങ്ങൾ കണ്ടെത്തിയത്. ബംഗാൾ സ്വദേശി ബിശ്വദീപ് ദാസിന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിലേക്കടക്കമുള്ള വാഹനക്കടത്ത്. അറന്നൂറിലേറെ വാഹനങ്ങൾ ബിശ്വദീപ് ദാസിന്റെ നേതൃത്വത്തിൽ രാജ്യത്തേക്ക് കടത്തി. ഇതിൽ 464 വാഹനങ്ങൾ രാജിസ്ട്രേഷൻ ചെയ്ത് നൽകിയത് അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറായിരുന്ന ദീപക് പട്ടേവാരിയായിരുന്നു. ബിശ്വദീപും ദീപക്കും അടക്കം എട്ട് പേരെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തു.
അസമിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് വാഹനങ്ങൾക്ക് രേഖകൾ അനുവദിച്ചു നൽകി. കള്ളക്കടത്ത് വാഹനങ്ങളാണെന്നും നിയമലംഘനമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു പലരുടെയും നടപടി. ഇങ്ങനെ രജിസ്ട്രേഷൻ നൽകിയ പല വാഹനങ്ങളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ കസ്റ്റംസിനെ അറിയിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ റാക്കറ്റിന്റെ കൂടുതൽ കണ്ണികൾ വലയിലാകുമെന്നാണ് പ്രതീക്ഷ. മാസങ്ങൾക്ക് മുൻപ് പിടിയിലായ അസം ഡിടിഒ ദീപക് പട്ടേവാരി ജാമ്യത്തിലിറങ്ങിയെങ്കിലും ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ ഹാജരായില്ല. തുടർന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ഇയാൾ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായി. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് ഇയാൾക്ക് കോടതി നിർദേശം നൽകി.
