വിജിലൻസ് ഡയറക്ടറേറ്റിലെ പ്രധാനപ്പെട്ട ടി 1, ടി 2 സെക്ഷനുകളാണ് വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയത്. വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് സർക്കാർ തീരുമാനം. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടുന്ന അന്വേഷണ വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല.
ക്രൈംബ്രാഞ്ച് , സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളുടേതുപോലെ സമാനമായ രീതിയാണ് ഇനി വിജിലൻസിന്റേതും. രാഷ്ട്രീയക്കാരോ പൊതുപ്രവർത്തകരോ ഉന്നത ഉദ്യോഗസ്ഥരോ ഉൾപ്പെട്ട കേസിന്റെ വിവരങ്ങൾ അതീവ സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റി. ഈ വിവരങ്ങൾ ഇനി വിജിലൻസിൽ നിന്നും ലഭിക്കുകയില്ല. വിവരാവകാശം നൽകിയാൽ അത് T സെക്ഷനിലേക്ക് മാറ്റിയെന്നാകും മറുപടി. ഏതൊക്കെ വിവരങ്ങൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന അധികാരം വിജിലൻസ് ഡയറക്ടർക്ക് മാത്രമായിരിക്കും. 2025 ജനുവരി മാസത്തിൽ പിണറായി സർക്കാരിന്റെ കാലത്താണ് വിജിലൻസ് ഡയറക്ടർ ഇത്തരമൊരു ശുപാർശ മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ വിമാനയാത്ര, ഗ്യാനേഷ് കുമാറിന് എതിരായിട്ടുള്ള വിജിലൻസ് അന്വേഷണം, പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരായിട്ടുള്ള വിജിലൻസ് അന്വേഷണം അങ്ങനെ സുപ്രധാനപ്പെട്ട പല വിവരങ്ങളിലും പൊതുജനം വിവരാവകാശം തേടിയിട്ടുണ്ട്. വിജ്ഞാപനം വന്നതിലൂടെ ഇനി രാഷ്ട്രീയ പ്രതിനിധികൾ ഉൾപ്പെട്ട ഓരോ കേസുകളിലെയും വിവരങ്ങൾ പുറംലോകം അറിയില്ല. ക്രൈം ബ്രാഞ്ച് പോലെയോ സ്പെഷ്യൽ ബ്രാഞ്ച് പോലെയോ അല്ല വിജിലൻസ്. അഴിമതി തടയേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ട് . അഴിമതി കേസുകളിലെ വിവരങ്ങൾ അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. 2005ൽ വിവരാവകാശം നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഈ സെക്ഷൻ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വിജ്ഞാപനം പ്രാബല്യത്തിൽ ആകുന്നതോടുകൂടി സെക്ഷൻ ഒഴിവാക്കും. അഴിമതിക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി വിജിലൻസ് എടുത്ത നടപടിയാണെന്നാണ് നിലവിൽ ഉയരുന്ന വിമർശനങ്ങൾ .
