പ്രതികളെ 3 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട് എന്നും മുനമ്പം DYSP ജയകൃഷ്ണൻ പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് പിടിയിലായ ഗുണ്ടാ നേതാവ് പ്രജീഷും കൂട്ടാളി രാഗിനും ഉൾപ്പെടെ മൂന്ന് പേരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് മുതൽ 3 ദിവസത്തേക്കാണ് കസ്റ്റഡി. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെയായിരുന്നു തെളിവെടുപ്പ്. സംഭവം നടന്ന പെട്രോൾ പമ്പിലും പ്രതികൾ മദ്യപിക്കാൻ ഒത്തുകൂടിയ വളപ്പ് ബീച്ചിലുമായിരുന്നു തെളിവെടുപ്പ്.
തെളിവെടുപ്പിനിടെ പ്രതികൾ പോലീസിനെ മർദിക്കാൻ ഉപയോഗിച്ച ലാത്തിയും കണ്ടെത്തി. സമീപത്തെ പറമ്പിൽ നിന്നാണ് ലാത്തി കണ്ടെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ആക്രമണസമയം പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നും മുനമ്പം DYSP വ്യക്തമാക്കി.
കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ പിടിയിലായ 3 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. പിടിയിലായ മുന്ന കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ്. ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
