എഴുത്ത് : പി അനൂപ്
സമരം ജന്തർമന്തറിലോ പൊലീസ് നിശ്ചയിച്ച മറ്റ് മൂന്നിടങ്ങളിലോ നടക്കുമോ എന്നുള്ളതല്ല ചോദ്യം, ഈ സമരം എങ്ങനെ മുന്നോട്ടുപോകുമെന്നും എങ്ങനെ അവസാനിപ്പിക്കുമെന്നുമാണ് അറിയാനുള്ളത്.
ഡൽഹി സമരം ഇപ്പോൾ അസാധാരണമായ ഇടവേളയിലാണ്. ദസറ ആഘോഷം നടക്കുമ്പോൾ ഡൽഹിയിൽ ഇത്തരമൊരു സമരവുമായി മുന്നോട്ടുപോയാൽ തിരിച്ചടിക്കും എന്ന ഭയമാകാം ഇൻഡ്യാ മുന്നണിയേയും സിജെപിയേയും പിൻവലിപ്പിച്ചത്. സിജെപി എങ്ങനെ മടങ്ങിവരും എന്ന കാര്യത്തിൽ ഒരു ധാരണയുമില്ല. ഏതായാലും കോക്രോച്ച് ജനതാ പാർട്ടി പേടിച്ച് പിന്മാറിയതാകാൻ ഒരു സാധ്യതയും കാണുന്നില്ല. അങ്ങനെ പേടി ഉണ്ടായിരുന്നെങ്കിൽ ജെൻസി ആര് എന്ന ചോദ്യത്തിന് നരേന്ദ്ര മോദിയുടെ ചിത്രമിട്ട് അവർ മറുപടി പറയുമായിരുന്നില്ല. അതും കോടതി മുറിയിൽ ഉയർന്ന ചോദ്യത്തിന്.
അസാമാന്യമായ ധൈര്യമുള്ളവർക്കു മാത്രം സാധിക്കുന്ന പ്രതിഷേധമാണ് സിജെപി തുടരുന്നത്. ആ ഒരു മറുപടി തന്നെ സമരപ്രഖ്യാപനമായി മാറുകയും ചെയ്തു. അശുതോഷ് റാങ്കയും സൗരവ് ദാസും ജയിൽ മോചിതരാവുകയും വിജയദശമി അവധി ദിനങ്ങൾ കഴിയുകയും ചെയ്തതോടെ സിജെപിയിൽ നിന്ന് ഇനി നിർണായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകണം. ആ സംഘടന അങ്ങനെ തന്നെ നിലനിൽക്കുമോ എന്ന കാര്യത്തിലെ സൂചനയും ആ പ്രഖ്യാപനത്തോടെ ലഭിക്കും.
എന്തായിരുന്നു സമരത്തിൻറെ ലക്ഷ്യം? മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. ധർമ്മേന്ദ്ര പ്രധാനെ രാജിവയ്പ്പിച്ചതുപോലെ എളുപ്പമല്ല ഗ്യാനേഷ് കുമാറി രാജിവയ്പ്പിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെങ്കിൽ ഇംപീച്ച്മെൻറാണ് വഴി. അത് ഏതായാലും സിജെപിക്ക് സാധിക്കില്ല. ഇൻഡ്യാ മുന്നണിക്കാണ് ആ മാർഗം സാധിക്കുക. ഇവിടെ ഗ്യാനേഷ് കുമാറിൻറെ കാര്യത്തിൽ വലിയ ഉത്തരം ഏതായാലും ലഭിക്കാനുണ്ട്.
ഗ്യാനേഷ് കുമാറിനെതിരേ നീങ്ങിയത് പ്രതിപക്ഷമല്ല. അതിനു മുൻപ് സ്വന്തം സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെയാണ്.
വിയോജിപ്പ് 10 മാസത്തിനിടെ 14 തവണയാണ് രേഖാമൂലം തന്നെ ഉണ്ടായത്. 2025 ഒക്ടോബർ 28 ന് ഡോ. സുഖ്ബീർ സിങ് സന്ധു ആദ്യ കത്തെഴുതി. തെരഞ്ഞെടുപ്പ് കമ്മീഷൻറെ പേരിൽ ഉത്തരവുകളും കത്തുകളും എഴുതിയതൊന്നും അറിഞ്ഞിട്ടില്ലെന്നായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. ഈ വർഷം ഏപ്രിൽ 16 നാണ് സന്ധു അടുത്ത കത്ത് എഴുതുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ ഐടി മൊഡ്യൂളുകളെക്കുറിച്ച് കമ്മീഷണർമാർ അറിയുന്നില്ലെന്നാണ് കത്തിൽ ഉണ്ടായിരുന്നത്. ഏപ്രിൽ 16 ന് സന്ധു മൂന്നാമത്തെ കത്തെഴുതി. കമ്മീഷൻറെ അനുമതിയില്ലാതെ ഔദ്യോഗിക രേഖ പുറപ്പെടുവിച്ചു എന്നാണ് കത്തിൽ ഉണ്ടായിരുന്നത്. നാലാമത്തെ കത്ത് അതേ ദിവസം തന്നെ ഡോ വിവേക് ജോഷിയാണ് എഴുതിയത്. ഒരുവർഷമായി കമ്മീഷൻ മീറ്റിങ്ങുകൾക്കു മുൻപ് അജണ്ടയോ യോഗശേഷം മിനുട്സോ കിട്ടുന്നില്ല എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. കമ്മീഷൻ അറിയാതെ ഓഫീസർമാർ വിദേശയാത്ര പോകുന്നു എന്നൊരു കത്തുകൂടി അതേ ദിവസം ജോഷി എഴുതി.
ഏപ്രിൽ 24 ന് ജോഷിയുടെ വീണ്ടുമൊരു കത്ത്. കമ്മീഷൻറെ അനുമതി ഇല്ലാതെ ഔദ്യോഗിക രേഖകൾ ഇറക്കരുതെന്നായിരുന്നു അതിലെ ആവശ്യം. മേയ് 16 നാണ് ജോഷി ആ നിർണായക കത്ത് എഴുതിയത്. പുതിയ വോട്ടർമാർക്കുള്ള ഫോം 6 മാറ്റരുത് എന്നായിരുന്നു ആ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഫോം ആറുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിവാദങ്ങളെല്ലാം നിൽക്കുന്നത്. പുതിയ വോട്ടർമാർമാക്കുള്ള ആ ഫോമിൽ വരുത്തിയ മാറ്റമാണ് സുപ്രീം കോടതി വരെ ചോദ്യം ചെയ്യുന്നത്. മേയ് 29 ന് ഇലക്ട്രൽ റോൾ ഡാറ്റാബേസിൽ ഓഡിറ്റ് വേണമെന്ന് ജോഷി ഒരു കത്തു കൂടി എഴുതി. ജൂലൈ 29ന് ആണ് ഏറ്റവും തന്ത്രപ്രധാനമായ ദിവസം. കമ്മീഷൻ അറിയാതെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു എന്ന് ക്യാബിനറ്റ് സെക്രട്ടറിക്ക് സന്ധു കത്ത് അയച്ചു. അതേ ദിവസം ജോഷിയും ക്യാബിനറ്റ് സെക്രട്ടറിക്ക് മറ്റൊരു കത്ത് നൽകി. ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നായിരുന്നു ആവശ്യം.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിരന്തരം കത്തെഴുതിയിട്ടും കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് ഇരുവരെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ കാര്യങ്ങൾ ബോധിപ്പിച്ചത്. അതും ഗുണം ചെയ്തില്ല എന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു. ജൂലൈ 30ന് ജോഷിയും സന്ധുവും ഉദ്യോഗസ്ഥരുടെ ചുമതല നിർണയ ഉത്തരവ് തള്ളിക്കളയുന്നു. ഓഗസ്റ്റ് 12 ന് മറ്റൊരു പ്രധാനപ്പെട്ട ദിനം. പശ്ചിമബംഗാളിലെ വോട്ടർ പട്ടിക വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട് ആരാണ് തീരുമാനിച്ചത് എന്ന് സന്ധു കത്തെഴുതി ചോദിച്ചു. പിറ്റേന്ന് ഓഗസ്റ്റ് 13 ന് പുതിയ വോട്ടർമാർക്കുള്ള ഫോം 6 നിയമവിരുദ്ധമാണെന്ന് സന്ധു കത്ത് നൽകി. ഓഗസ്റ്റ് 14ന് ഫീൽഡ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നെറ്റ് സിസ്റ്റത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് സന്ധു വീണ്ടും കത്തെഴുതി. ഇതെല്ലാം ബധിര കർണങ്ങളിലാണ് പതിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേയുള്ള കുറ്റപത്രം യഥാർത്ഥത്തിൽ തയ്യാറാക്കിയത് പ്രതിപക്ഷമോ കോടതിയിലോ ആയിരുന്നില്ല. സഹ കമ്മീഷണർമാർ തന്നെയാണ് ആ കുറ്റപത്രം രേഖാമൂലമാക്കിയത്. ഈ സാഹചര്യത്തിലാണ് ഇംപീച്ച്മെൻറിനപ്പുറം രാജി എന്ന ആവശ്യം ശക്തമായി ഉയരുന്നത്. സിജെപി സമരം തുടർന്നാലും ഇല്ലെങ്കിലും ഇന്ത്യാ മുന്നണിക്ക് വിഷയത്തിൽ പിന്മാറാൻ കഴിയില്ല. അത്രയേറെ ശക്തമായ തെളിവുകളോടെ ഉയരുന്ന ആരോപണമാണിത്.
