കായിക വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിച്ച പുതിയ കായിക ബില്ലിനെതിരെ രാഷ്ട്രീയ തർക്കം രൂക്ഷമായതാണ് ഇതിന് കാരണം. കായിക മേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾ നിയന്ത്രിക്കാൻ ബില്ലിൽ വ്യവസ്ഥയുള്ളതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും മുസ്ലിം ലീഗും ബില്ലിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡയറക്ടറേറ്റ് ഓഫ് സ്പോർട്സിനെയും കേരള സ്പോർട്സ് കൗൺസിലിനെയും ലയിപ്പിച്ച് ‘സ്പോർട്സ് അതോറിറ്റി ഓഫ് കേരള’ രൂപീകരിക്കാനായിരുന്നു സർക്കാർ തീരുമാനം. കായിക മന്ത്രി അധ്യക്ഷനും കായിക വകുപ്പ് സെക്രട്ടറി ഉപാധ്യക്ഷനുമായി വരുന്ന ഈ പുതിയ അതോറിറ്റിയുടെ തലപ്പത്ത് രാഷ്ട്രീയക്കാർക്ക് ഇടമുണ്ടാകില്ല എന്നതായിരുന്നു പ്രധാന സവിശേഷത. കായിക രംഗത്തെ പ്രൊഫഷണലൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം വിഭാവനം ചെയ്തത്.എന്നാൽ, ഈ നീക്കത്തോടെ സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള കായിക സമിതികളിൽ രാഷ്ട്രീയക്കാർക്ക് ലഭിച്ചിരുന്ന പദവികളും സ്വാധീനവും നഷ്ടപ്പെടുമെന്ന ആശങ്കയാണ് പ്രതിപക്ഷ നിരയിൽ പ്രതിഷേധത്തിന് കാരണമായത്. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും ലീഗും ഇതിനെതിരെ പരസ്യമായി രംഗത്തുവരികയും സമ്മർദ്ദം ശക്തമാക്കുകയും ചെയ്തു.
രാഷ്ട്രീയ തർക്കങ്ങളും കടുത്ത എതിർപ്പും ഉയർന്ന സാഹചര്യത്തിലാണ് പുതിയ കായിക നിയമം തൽക്കാലം നീട്ടിവെക്കാൻ സർക്കാർ നിർബന്ധിതരായത്. നിലവിൽ വ്യാഴാഴ്ച വരെ മാത്രമാണ് നിയമസഭ ഉള്ളത്. ഇത്തവണ ബിൽ അവതരിപ്പിക്കില്ല. ഈ വർഷം ഇനി നിയമസഭാ സമ്മേളനവും ഉണ്ടാകാൻ സാധ്യതയില്ല.
25 വർഷത്തിന് ശേഷമാണ് കായിക നിയമം പൊളിച്ചെഴുതാനുള്ള നീക്കം ഉണ്ടായത്. എന്നാൽ രാഷ്ട്രീയ നിയമന വടംവലിയിൽ അതും അനിശ്ചിതത്വത്തിലേക്ക്. കായിക മേഖലയെ രാഷ്ട്രീയ വിമുക്തമാക്കാനുള്ള നീക്കങ്ങൾക്കെതിരെ ഉയർന്ന ഈ രാഷ്ട്രീയ ഒത്തുകളി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
