സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രതികരണം വൈകിയത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിനിധികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികൾക്കാണെന്ന ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലും രൂക്ഷ വിമർശനമാണ് കമ്മിറ്റിയിൽ ഉയർന്നത്.
കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കിഫ്ബിയടക്കമുള്ള വിഷയങ്ങൾ പിണറായി പരാമർശിച്ചെങ്കിലും ഇ ഡി കേസിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ രണ്ടാം ദിവസത്തെ ചർച്ചയിൽ പിണറായിയുടെ മൗനം വിഷയമായി. പ്രതിപക്ഷ നേതാവ് വേദിയിൽ ഇരിക്കെയായിരുന്നു സിഎംആർഎൽ എക്സാലോജിക് കേസിൽ പ്രതികരണം വൈകിയതിലുള്ള വിമർശനം. പിണറായിയുടെ മൗനം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് ആരോപണങ്ങളെ ചെറുക്കുന്നതിലുള്ള വീഴ്ചയിലേക്ക് നയിച്ചു. എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ ഈ മൗനം സഹായമായെന്നും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
പയ്യന്നൂരിലെ പരാജയവും മട്ടന്നൂരിൽ വോട്ട് കുറഞ്ഞതും ഏരിയ കമ്മിറ്റികളുടെ വീഴ്ചയാണെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികളുടെ തലയിലിടുന്നത് ശരിയല്ലെന്ന് പ്രതിനിധികൾ ശബ്ദമുയർത്തി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥിനിർണയത്തിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് വീഴ്ച ഉണ്ടായി. എന്നാൽ സ്ഥാനാർഥിനിർണയത്തിൽ എം വി ഗോവിന്ദനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനെന്ന ചോദ്യവും മറുപക്ഷത്ത് നിന്ന് ഉയർന്നു. കേന്ദ്രകമ്മിറ്റി എന്തുകൊണ്ട് ഇടപെട്ട് തിരുത്തിയില്ലെന്നായിരുന്നു വിമർശനം. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അമ്പല കമ്മിറ്റി ആണോ എന്ന പരിഹാസവും പ്രതിനിധികളിൽ നിന്നുണ്ടായി. കണ്ണൂരിൽ മുസ്ലിം സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥി ഇല്ലാതിരുന്നതും വലിയ തിരിച്ചടിക്ക് കാരണമായെന്ന് പ്രതിനിധികൾ പറഞ്ഞു. ഒരു സ്ഥാനാർഥിയെ പോലും നിർത്താതെ മുസ്ലിം ജനവിഭാഗം പാർട്ടിയിൽ നിന്ന് അകന്നു എന്ന വിമർശനത്തിൽ എന്ത് കാര്യം എന്നായിരുന്നു കുറ്റപ്പെടുത്തൽ.
