വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ പുനരന്വേഷണം പ്രഖ്യാപിച്ച കേസിൽ ഗൂഢാലോചനയിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. റിബേഷ് രാമകൃഷ്ണനിലും ജിതിൻ ഭാസ്കരനിലും അന്വേഷണം അവസാനിക്കുന്നതിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.
എൽഡിഎഫ് സർക്കാർ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ച കേസിലാണ് യുഡിഎഫ് സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ അന്വേഷണം വേഗത്തിൽ മുന്നോട്ടുപോയിരുന്നു. സ്ക്രീൻഷോട്ട് ഷെയർ ചെയ്ത ഡിവൈഎഫ്ഐ വടകര ബ്ലോക്ക് മുൻ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനിൽ നിന്ന് സ്ക്രീൻഷോട്ട് നിർമ്മിച്ച സിപിഎം പ്രാദേശിക നേതാവ് ജിതിൻ ഭാസ്കരനിലേക്ക് അന്വേഷണ സംഘം എത്തിയിരുന്നു.
സ്ക്രീൻഷോട്ട് നിർമ്മിച്ചതും പിന്നീട് പ്രചരിച്ചതുമായ വഴികളും അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ഇതിന് പിന്നിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തിച്ചേർന്നില്ലെന്നാണ് ആരോപണം. ഇതിനിടെ എസ്ഐടി തലവനായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് സ്ഥലംമാറ്റവും ലഭിച്ചു.
അന്വേഷണം വേഗത്തിൽ മുന്നോട്ടുപോയിരുന്നെങ്കിലും നിലവിൽ കേസ് നിലച്ച മട്ടിലാണ്. സ്ക്രീൻഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ റിബേഷിനും ജിതിനും അപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
സ്ക്രീൻഷോട്ട് ഷെയർ ചെയ്തവരെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. അതേസമയം, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതി ചേർത്ത എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് മാത്രമാണ് അന്വേഷണത്തിലെ ആശ്വാസകരമായ നീക്കം.അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ മുസ്ലിം ലീഗ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. അന്വേഷണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിക്കാനാണ് ലീഗ് തീരുമാനം.
