ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിൽ സർക്കാരിനെതിരെ ഇരട്ടത്താപ്പ് ആരോപണം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ മറികടന്ന് താൽക്കാലിക ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നാണ് ആരോപണം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സുപ്രീം കോടതിയിൽ നൽകിയ കേസിൽ കഴിഞ്ഞ സർക്കാർ നൽകിയ ഹർജി നിലവിലെ സർക്കാർ പിൻവലിച്ചതും വിവാദമായി.
2025 മാർച്ച് 29നാണ് ഗുരുവായൂർ ദേവസ്വം ബോർഡിലെ 38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചത്. നാനൂറിലേറെ ഒഴിവുകളിലേക്കായി ഏകദേശം രണ്ട് ലക്ഷം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചത്.എൽ.ഡി.സി തസ്തികയിലേക്ക് 2025 ജൂലൈ 13നും എൽ.ജി.എസ് തസ്തികയിലേക്ക് ജൂലൈ 20നും പരീക്ഷ നടത്തി. എന്നാൽ താൽക്കാലിക ജീവനക്കാർ നിയമന നടപടികൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തതോടെ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.
2017ൽ ഗുരുവായൂർ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പരീക്ഷ നടത്തി ഒഴിവുകൾ നികത്തണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഏഴ് മാസത്തിനകം പരീക്ഷ നടത്തണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പരീക്ഷ നടക്കാൻ ഏഴ് വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നുവെന്നാണ് ആക്ഷേപം.
താൽക്കാലിക ജീവനക്കാർ നിയമന നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമനാധികാരം ഗുരുവായൂർ ദേവസ്വം ബോർഡിന് തന്നെ നൽകണമെന്നായിരുന്നു താൽക്കാലിക ജീവനക്കാരുടെ ആവശ്യം.
വിഷയത്തിൽ ഉദ്യോഗാർഥികളും കേസിൽ കക്ഷി ചേർന്നു. കഴിഞ്ഞ സർക്കാരും കേസിൽ കക്ഷിയായിരുന്നെങ്കിലും നിലവിലെ സർക്കാർ സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു.കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ സഹായിക്കാനാണ് സർക്കാർ ഹർജി പിൻവലിച്ചതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ സർക്കാർ നിലപാടിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം, പരീക്ഷാഫീസ് ഇനത്തിൽ മാത്രം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ നിയമനം അനിശ്ചിതത്വത്തിലായതോടെ വിഷയത്തിൽ പ്രതിഷേധവും ശക്തമാകുകയാണ്.
