ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുമാസത്തിനകം തുറന്നുകൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കിടത്തിച്ചികിത്സയ്ക്കെത്തുന്ന രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ടിവരുന്ന സാഹചര്യം ഇതോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ.
ആറുമാസം മുൻപ് ഉദ്ഘാടനം ചെയ്ത ഏഴുനില മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടമാണ് ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തത്. നിലവിൽ പരിമിതമായ സൗകര്യങ്ങളുള്ള പഴയ കെട്ടിടത്തിലാണ് കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ നടക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ കിടക്കകളും ഉപകരണങ്ങളും ഉടൻ എത്തിക്കുമെന്നും ജീവനക്കാരെ നിയമിക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകി.
ദിവസേന തീരദേശമേഖലയിൽ നിന്നടക്കം 500ലേറെ പേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. പഴയ കെട്ടിടത്തിൽ 90ലേറെ കിടക്കകളുണ്ടെങ്കിലും കിടത്തിച്ചികിത്സ കാര്യക്ഷമമായി നടത്താനാകാത്ത സ്ഥിതിയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 27 കോടി രൂപ ചെലവഴിച്ചാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം നിർമിച്ചത്. നൂറിലേറെ കിടക്കകളും അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം കുറയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
