ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. സുനിൽ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കെജിഎംഒഎ. മുതിർന്ന വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നാണ് സംഘടനയുടെ ആരോപണം. പരിശോധനയുടെ പേരിൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ചട്ടവിരുദ്ധമായി പരിശോധന നടത്തുന്നതായും കെജിഎംഒഎ ആരോപിച്ചു.
ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ സിവിൽ സർജനെ പൊതുമധ്യത്തിൽ അപമാനിച്ചെന്നാണ് സംഘടനയുടെ ആരോപണം. ആശുപത്രിയുടെ പ്രവർത്തനം രാവിലെ ഒൻപതിന് ആരംഭിക്കേണ്ടതാണെന്നിരിക്കെ എട്ടിന് ആരംഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടറെ അപമാനിച്ചെന്നാണ് ആരോപണം. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ തള്ളി ഡോ. സുനിൽ കുമാർ രംഗത്തെത്തി. ലേഡി സർജൻ രാവിലെ 9.30 ആയിട്ടും ഡ്യൂട്ടിയിൽ എത്തിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഡ്യൂട്ടിയിൽ ഡോക്ടർമാർ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിശദീകരണം ചോദിച്ചതെന്നും സുനിൽ കുമാർ വ്യക്തമാക്കി.ഇതോടെ സർക്കാർ ഡോക്ടർമാരുടെ സംഘടനയും ആരോഗ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ്
