ദേശീയ സെമിനാറിന് അനുവദിച്ച 2.81 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള എംജി സർവകലാശാല വൈസ് ചാൻസലറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ദേശീയ സെമിനാറിന്റെ പോസ്റ്ററിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് ഹൈക്കോടതി തടഞ്ഞത്.
എംജി സർവകലാശാല വിദ്യാർത്ഥി യൂണിയൻ നൽകിയ ഹർജിയിലാണ് നടപടി. വൈസ് ചാൻസലർ, രജിസ്ട്രാർ, സർവകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി.
ദേശീയ സെമിനാറിന് നൽകിയ തുക തിരിച്ചുപിടിക്കാനുള്ള വിസിയുടെ നടപടി കാര്യങ്ങൾ പരിശോധിക്കാതെയാണെന്നാണ് വിദ്യാർത്ഥി യൂണിയന്റെ വാദം. പോസ്റ്ററിലെ പാറ്റയുടെ ചിത്രങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമായി ഉപയോഗിച്ചതാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും പോസ്റ്ററുകൾക്ക് ബന്ധമില്ലെന്നും യൂണിയൻ കോടതിയെ അറിയിച്ചു.പോസ്റ്ററുകൾ എംജി സർവകലാശാലയുടെ വിദ്യാർത്ഥി ചട്ടത്തിന് വിരുദ്ധമല്ലെന്നും വിദ്യാർത്ഥി യൂണിയൻ വാദിച്ചു. ഹർജി ഒക്ടോബറിൽ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
