വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ കീർത്തനയെയും കാവ്യയെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അപേക്ഷ ഇന്ന് വടകര എൻഡിപിഎസ് കോടതി പരിഗണിക്കും. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ ലഹരി ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ആദ്യം സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയിരുന്ന ഇവർ പിന്നീട് ലഹരി ഇടപാടിലെ ഇടനിലക്കാരായി മാറിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ ഇന്നലെ അറസ്റ്റിലായ നീഷ്മയെയും ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെയും കസ്റ്റഡിയിൽ ലഭ്യമാക്കാനുള്ള അപേക്ഷയും ഉടൻ സമർപ്പിക്കും.
ലഹരി ഇടപാടുകളിൽ നിന്ന് ലഭിച്ച പണം ആദ്യം നീഷ്മയുടെ അക്കൗണ്ടിലെത്തുകയും പിന്നീട് അതിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ട് വഴി ഏകദേശം ഒരു കോടി രൂപയുടെ പണമിടപാട് നടന്നതായും, അറസ്റ്റിലായ യുവതികളുമായി ഇയാൾക്ക് സാമ്പത്തിക ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.കേസിൽ ഇന്നും നാളെയും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന
