പുല്ല് വെട്ടുന്നതിനിടയിലാണ് അത്തർവാല കുന്നിൽ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടിയതോടെയാണ് പുല്ലുവെട്ടാൻ സ്ഥലം ഉടമ തൊഴിലാളികളെ ഏൽപ്പിച്ചത്. രാവിലെ എട്ടരയോടെയാണ് അത്തർവാല കുന്നിൽ തൊഴിലാളികൾ പുല്ല് വെട്ടി തുടങ്ങിയത്. അര മണിക്കൂറിനുള്ളിൽ തന്നെ മൃതദേഹഭാഗങ്ങൾ കണ്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതായാണ് വിലയിരുത്തൽ.
പരിസരപ്രദേശങ്ങളിൽ നിന്നും കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഏകദേശം 66 വയസ്സ് പ്രായമുള്ള
പ്രദേശവാസിയെ ഒന്നര മാസം മുമ്പ് കാണാതായിരുന്നു. ഇദ്ദേഹം ചെറിയ മാനസിക വെല്ലുവിളി നേരിടുന്നയാളുമാണ്. ഇദ്ദേഹത്തെ ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാവാറുണ്ട്. ധരിച്ചിരുന്ന വസ്ത്രത്തിൻ്റെ ഭാഗങ്ങൾ കണ്ട് മരിച്ചത് ഇദ്ദേഹം ആണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൃത്യമായി മനസിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അതുവരെ മൃതദേഹഭാഗങ്ങൾ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും.
