മന്ത്രി എപി അനിൽകുമാറിന്റെ പേരും അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലേക്ക് എത്തി. അതിനിടെ ബോർഡ് കോർപ്പറേഷൻ വിഭജന ചർച്ചകളും നേതൃത്വം സജീവമാക്കി.
സർക്കാർ വന്ന് ആറുമാസം ആകുമ്പോഴും കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല. വിമർശനങ്ങൾ കടുക്കുമ്പോൾ ആണ് ചർച്ചകളിലേക്ക് കെ സി യുടെ വിശ്വസ്തൻ കൂടിയായ മന്ത്രി എ പി അനിൽകുമാറിന്റെ പേരും വരുന്നത്. മന്ത്രി പദം വിട്ട് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുന്നതിൽ അനിലിന് എതിർപ്പുകളില്ല. പാർട്ടി തീരുമാനിച്ചാൽ അംഗീകരിക്കും. എന്നാൽ അനിൽകുമാറിനെ കെപിസിസി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്. നിലവിൽ പ്രധാനപ്പെട്ട റവന്യൂ വകുപ്പ് വഹിക്കുന്ന അനിൽകുമാർ മന്ത്രിസ്ഥാനം വിട്ടാൽ ആ സ്ഥാനത്തേക്ക് മുതിർന്ന മറ്റൊരാളെ കണ്ടെത്തേണ്ടിവരും. ഇതിൽ അടക്കം ഔദ്യോഗിക ചർച്ചകൾ നടക്കേണ്ടതുണ്ട്. ദളിത് പ്രാതിനിധ്യത്തിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചർച്ചകളിൽ ഉണ്ട്. സണ്ണി ജോസഫിനെ മാറ്റുമ്പോൾ ക്രൈസ്തവ വിഭാഗങ്ങൾക്ക് തന്നെ പരിഗണന കൊടുത്താൽ ആന്റോ ആന്റണി, ബെന്നി ബഹനാൻ എന്നിവരുടെ പേരുകളും പരിഗണിക്കും. പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനത്തിന് ശേഷമായിരിക്കും ബോർഡ് കോർപ്പറേഷൻ വിഭജനങ്ങളിൽ അന്തിമ തീരുമാനം എന്നാണ് സൂചന. ഇക്കാര്യങ്ങളിൽ അടക്കം പ്രാഥമിക ചർച്ച മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ നടത്തിയിട്ടുണ്ട്. ഘടകകക്ഷികൾക്ക് നൽകേണ്ട ബോർഡ് കോർപ്പറേഷൻ സീറ്റുകളിൽ കോൺഗ്രസിൽ ഏതാണ്ട് ധാരണയിൽ എത്തിയിട്ടുണ്ട്. യുഡിഎഫ് യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.
