നൂറും ഇരുനൂറും കിലോമീറ്റർ വേഗത്തിലോടുന്ന വണ്ടികളെ പിടികൂടാൻ സംവിധാനങ്ങളില്ലാതെ പൊലീസും ഗതാഗതവകുപ്പും
എറണാകുളം ജില്ലയിലാകെയുള്ളത് 63 എഐ അധിഷ്ടിത ക്യാമറകളാണ്. കൊച്ചി നഗരത്തിലെ റോഡുകളിലൂടെ പായുന്ന വാഹനങ്ങൾ കണ്ടെത്താൻ പോലും നൂറു ക്യാമറയെങ്കിലും വേണ്ടപ്പോഴാണ് ഇത്. അതിനൊപ്പം സാധാരണ നിരീക്ഷണ ക്യാമറകളുടെയും എണ്ണം കൂട്ടണം. നിലവിൽ പല ക്യാമറകളിൽ നിന്നും തത്സമയം വിവരം കൺട്രോൾ റൂമിൽ കിട്ടാനുള്ള സംവിധാനമില്ല. നെറ്റ് വർക്ക് തകരാർ പരിഹരിക്കാത്തതാണ് കാരണം. ഓരോ ക്യാമറയും റെക്കോഡ് ചെയ്യുന്ന വിവരങ്ങൾ പ്രത്യേകം പരിശോധിക്കുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി.
അമിത വേഗവും നിയമംലംഘിച്ചുള്ള വണ്ടി ഓടിക്കലും പിടിക്കാനായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സ്ഥാപിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്യുണിക്കേഷൻ സെന്റർ കാര്യമായി പ്രയോജനപ്പെടുത്തുന്നുമില്ല. നെടുമ്പാശ്ശേരി എയർപോർട്ട് റോഡ്, എടപ്പള്ളി-അരൂർ ബൈപ്പാസ്, കണ്ടെയ്നർ റോഡ്, പനമ്പിള്ളി നഗർ റോഡ് എന്നീ റോഡുകളാണ് കൊച്ചി നഗരത്തിലെ അതിവേഗ ട്രാക്കുകളാക്കി ഉപയോഗിക്കുന്നത്. ഈ വഴികളിലൂടെ രാത്രിയിൽ അമിതവേഗത്തിലാണ് ചെറുപ്പക്കാർ വാഹനങ്ങൾ ഓടിക്കുന്നത്. ഈ വഴികളിലൂടെ പോകേണ്ട മറ്റുള്ളവർക്കാണ് അപകടം സംഭവിക്കുന്നത്. ഇതൊന്നും നിയന്ത്രിക്കാനോ പരിശോധിക്കാനോ പൊലീസും ഗതാഗത വകുപ്പും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
പരമ്പരയായി സംഭവിക്കുന്ന നിയമലംഘനങ്ങൾ
മൂന്നു ചെറുപ്പക്കാരുടെ ജീവനെടുത്ത കണ്ണുതുറപ്പിക്കേണ്ട അപകടമായിരുന്നു നെടുമ്പാശ്ശേരിയിൽ ഉണ്ടായത്. വലിയ തോതിലുള്ള ജനരോഷം ഉയർന്നുവരികയും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും ചെയ്തതാണ്. എന്നിട്ടും പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണന് ജീവൻനഷ്ടമാകുന്നു. ജയബാലകൃഷ്ണന്റെ മക്കൾ നടത്തിയ പ്രതിഷേധം സമാനതകളില്ലാത്തതാണ്. മൃതദേഹം വിട്ടുകിട്ടും മുൻപ് പ്രതി ജാമ്യം നേടി പുറത്തിറങ്ങുകയാണ്. ഇതൊക്കെ ഇവിടെയല്ലാതെ മറ്റെവിടെയാണ് സംഭവിക്കുക.
കൊടിയ നിയമലംഘനമാണ് നടന്നത് എന്ന് വ്യക്തമായിട്ടും പൊലീസിന് എങ്ങനെയാണ് ഇത്ര ഉദാസീനമായി പെരുമാറാൻ കഴിയുന്നത് പ്രതിയുടെ പിതാവ് ജഡ്ജ് ആണെങ്കിൽ പോലീസ് ഭയക്കുന്നതെന്തിന്. പ്രായപൂർത്തിയാകാത്ത മകന് വാഹനം കൊടുത്തുവിട്ട ജഡ്ജല്ലേ ഒന്നാം പ്രതി. അറിയാതെ കൊണ്ടുപോയത് എന്ന വാദം എങ്ങനെ നിലനിൽക്കും. ഇതേ പതിനേഴുകാരൻ ഇതേ വാഹനവും ആഡംബര ബൈക്കും ഇതേ വഴികളിൽ അമിത വേഗത്തിൽ മുൻപും ഓടിച്ചിട്ടുള്ളതല്ലേ? പതിനെട്ടുവയസ്സായി ലൈസൻസ് നേടാതെ എങ്ങനെയാണ് വാഹനം കയ്യിൽ കൊടുത്തുവിടുന്നത്. ലേണേഴ്സ് ലൈസൻസെങ്കിലും കിട്ടാതെ വാഹനം പഠിക്കാൻ അനുവദിക്കുക പോലും ചെയ്യാവുന്നതാണോ?
ഒരു ജഡ്ജിന് അല്ലാതെ മറ്റാർക്കാണ് ഇതൊക്കെ അറിയാവുന്നത്. അതും മോട്ടോർ വാഹന ക്ലെയിം ട്രിബ്യൂണലിൽ ചുമതലുള്ളയാൾക്ക്. ലേണഡ് ജഡ്ജ് എന്നാണ് കോടതികളിലെ അഭിസംബോധന തന്നെ. നിയമലംഘനത്തിന്റെ പ്രായവും പരിധിയും അറിയില്ലെങ്കിൽ അങ്ങനെയൊരാൾ ജഡ്ജിയാകാൻ യോഗ്യനല്ല. ചെറുപ്രായമല്ലേ എന്ന പരിഗണനയ്ക്ക് ആ പതിനേഴുകാരന് ഒരു അർഹതയുമില്ല. ചെറുപ്രായത്തിൽ ഒറ്റയ്ക്കു നീന്താൻ പോകുന്നതുപോലെയല്ല, വാഹനമെടുത്ത് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത്. ഇങ്ങനെ അപകടം ഉണ്ടാകുമ്പോൾ ഉണർന്നു പ്രവർത്തിക്കേണ്ട സംവിധാനങ്ങളാണ് ഉറക്കം നടിച്ചു കിടന്നത്. ചേരാനല്ലൂർ പൊലീസ് കേസ് എടുത്തപ്പോൾ കാണിച്ച അക്ഷന്തവ്യമായ വീഴ്ചകൾ അനവധിയാണ്.
വാഹന നിരീക്ഷണ സംവിധാനങ്ങൾ
ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്തെ റോഡുകളിൽ 35,873 അപകടങ്ങളാണ് നടന്നത്. അതിൽ 2,702 പേർക്കു ജീവൻ നഷ്ടമായി.
കഴിഞ്ഞവർഷം ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ട് സംസ്ഥാനത്തുണ്ടായത് 25,916 അപകടങ്ങളാണ്. അതിൽ മാത്രം 1,837 പേർക്ക് ജീവൻ നഷ്ടമായി. 20,638 പേർക്കു ഗുരുതരമായി പരുക്കേറ്റു. നിസ്സാരപരുക്കുകളുമായി രക്ഷപ്പെട്ടവർ 8,928 പേരാണ്. ഇത് അശ്രദ്ധമായി ഓടിച്ച സ്വന്തം വാഹനം ഉണ്ടാക്കിയ അപകടത്തിലെ കണക്കുകളാണ്. ഇനി മറ്റൊരു കണക്കുണ്ട്.
എല്ലാ നിയമവും പാലിച്ച് നമ്മൾ വാഹനമോടിച്ചാലും നിയമംലംഘിച്ചുവരുന്ന മറ്റു വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ. നെടുമ്പാശ്ശേരിയിലും ചേരാനല്ലൂരും സംഭവിച്ചത് അതാണ്. അത്തരം 7353 അപകടങ്ങളാണ് കഴിഞ്ഞവർഷം മാത്രം സംഭവിച്ചത്. ആ അപകടങ്ങളിൽ ജീവൻ നഷ്ടമായത് 477 പേർക്കാണ്. 5974 പേർക്കു ഗുരുതരമായി പരുക്കേറ്റു. നിസ്സാര പരുക്കുകളുമായി രക്ഷപെട്ടവർ 2,754 പേർ വരും.
മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങൾ കണക്കിൽ 180 മാത്രമാണ്. വിവാദമാകാത്ത കേസുകളിൽ മദ്യപിച്ചു വാഹനമോടിച്ചു എന്ന വിവരം പൊലീസ് മറച്ചുവയ്ക്കുന്ന നിരവധി സംഭവങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഇൻഷൂറൻസ് തുക കിട്ടാനും മറ്റുമായി പൊലീസുമായി നടത്തുന്ന നീക്കുപോക്കുകളാണിത്. ഇത്തരം നീക്കുപോക്കുകൾ തുടരുന്നതാണ് ഇവിടുത്തെ അപകടനിരക്ക് കുറയാത്തതിനുള്ള കാരണം. വർഷം തോറും അൻപതിനായിരത്തോളം അപകടങ്ങൾ ഉണ്ടാകുമ്പോൾ മദ്യപിച്ചും ലഹരി ഉപയോഗിച്ചുമുള്ള അപകടങ്ങൾ 180 മാത്രം എന്ന കണക്കു പോലും പൊലീസിന്റെ കള്ളക്കളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സമയത്ത് പരിശോധന നടത്താതെയും പരിശോധന ഒരിക്കലും നടത്താതെയുമൊക്കെ പൊലീസ് സഹകരിക്കുമ്പോഴാണ് ഇത്തരം അപകടങ്ങളുടെ നിരക്ക് കുറയുന്നത്.
