കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ മുൻ വൈസ് ചാൻസിലറുൾപ്പെടെ പ്രോസിക്യൂട്ട് ചെയ്യും. 40000 ഉത്തരക്കടലാസ് നശിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. കേസ് എഴുതിത്തള്ളാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം ആണ് പൊളിഞ്ഞതെന്ന് പരാതിക്കാരനായ സുജിത്ത് എസ് കുറുപ്പ് ബിഗ് ടിവിയോട് പറഞ്ഞു. 2008 ലാണ് കോളിളക്കം സൃഷ്ടിച്ച കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് പുറത്തുവരുന്നത്. 40000ത്തിൽ അധികം പേർ എഴുതിയ പരീക്ഷയുടെ ഒ എം ആർ ഉത്തരക്കടലാസ്സുകൾ നശിപ്പിച്ച ശേഷം അഭിമുഖം നടത്തി സിപിഐഎം അനുഭാവികളെയും ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകി എന്നാണ് കേസ്. റാങ്ക് പട്ടികയിൽപ്പെട്ട 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു ഒരു വീട്ടിൽ നിന്ന് രണ്ടുപേർക്ക് വീതം ജോലി ലഭിച്ച 3 സംഭവങ്ങളും ഉണ്ട്. പരീക്ഷ എഴുതാത്തവരും റാങ്ക് പട്ടികയിൽ കടന്നുകൂടിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ഉത്തരക്കടലാസുകൾ കാണാതായതിനും നശിപ്പിച്ചതിനും മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് എഴുതി തള്ളണം എന്നായിരുന്നു മുൻ സർക്കാരിന്റെ കാലത്തെ നിയമോപദേശം. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി അംഗീകരിച്ചില്ല. പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. പുനരന്വേഷണ റിപ്പോർട്ട് ആണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവിക്ക് മുന്നിലെത്തിയത്. പരാതിക്കാരനായ സെനറ്റ് മുൻ അംഗം സുജിത്ത് എസ് കുറുപ്പിന്റെ മൊഴി പോലും രേഖപ്പെടുത്താതെയായിരുന്നു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിനെതിരെ സുജിത്ത് അന്ന് തടസഹർജിയും നൽകിയിരുന്നു.
മുൻ വി സി ഡോ.എം കെ രാമചന്ദ്രൻ നായർ, മുൻ പ്രോ വൈസ് ചാൻസിലർ ഡോ. വി ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, കെ എ ആൻഡ്രൂ, എം പി റെസൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് വിജിലൻസ് റിപ്പോർട്ട്. 1401 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് 1081 പേർക്കാണ് അന്ന് നിയമനം നൽകിയത്. കേസായതോടെ ചിലർ ജോലി വിട്ടു. ചിലർ വിരമിച്ചു നിലവിൽ 130 പേരാണ് സർവീസിൽ ഉള്ളത്.
