പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ശനിയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. FIR ഇട്ട് അന്വേഷിക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. പിണറായിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹാജരായേക്കും.
വിജിലൻസ് എഫ്ഐആറിനെതിരെ അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. പിണറായി വിജയനും വീണാ ടി, മുഹമ്മദ് റിയാസ് എന്നിവർക്കും അപ്പീൽ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. എഫ്ഐആർ പ്രകാരമുള്ള അന്വേഷണത്തിന് പത്ത് ദിവസത്തേക്ക് സ്റ്റേയും അനുവദിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കുമെന്നാണ് വിവരം. പിണറായി വിജയനുവേണ്ടി മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്നാണ് വിവരം.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ നിയമപരമായ ആക്ഷേപങ്ങളാണ് അപ്പീലിൽ ഉന്നയിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഈ കേസിൽ നിലനിൽക്കില്ലെന്നുമാണ് വാദം. പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകൂർ അനുമതി ആവശ്യമാണെന്നും ഹർജിക്കാർ വാദിക്കുന്നു.
ഇ.ഡി.യുടെ കത്ത് ലഭിച്ചതുകൊണ്ടുമാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരിന് ബാധ്യതയില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. നേരത്തേ രേഖപ്പെടുത്തിയ മൊഴികൾ സമ്മർദം ചെലുത്തി എടുത്തതാണെന്നും വാദമുണ്ട്. അപ്പീലിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും കോടതി പരിഗണിച്ചേക്കും.
