ഇന്ത്യാ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പേ സഖ്യത്തിലെ അതൃപ്തി മറനീക്കുകയാണ്. പ്രതിപക്ഷത്തിന് ഐക്യമില്ലെന്നത് ബിജെപി പ്രചാരണം മാത്രമെന്നായിരുന്നു ഇന്ത്യാ സഖ്യയോഗത്തിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. പിണറായി വിജയനെ തനിക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന രാഹുലിന്റെ പരാമർശത്തെ സിപിഐഎം നേരിടുന്നത് രൂക്ഷമായ ഭാഷയിൽ.രാഹുല്‍ ഗാന്ധി പിണറായി വിജയനെ ആലിംഗനം ചെയ്യണമെന്ന താന്‍ പറയില്ലെന്നും അത് സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യേണ്ടതെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ഇൻഡ്യ ബ്ലോക്ക് നേതാക്കള്‍ പരസ്പരം മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട ചില മര്യാദയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മോദിയെ രാഹുല്‍ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് തന്റെ ഓര്‍മ്മയിലേക്ക് ആദ്യം വന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഐഎം – ബിജെപി ഡീല്‍ ആരോപണം എന്ന് പറയുന്നത് അസംബന്ധം എന്നേ പറയാന്‍ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ ഒമ്പത് മിനിറ്റ് മാത്രമാണ് പുറത്തുവിട്ടതെന്നും ബാക്കി 95 ശതമാനം ചർച്ചകളും കോൺഗ്രസ് മറച്ചുവെച്ചുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പിണറായിയെ ആലിംഗനം ചെയ്യാനാകില്ലെന്ന് പറയുമ്പോൾ രാഹുൽ ഗാന്ധി ആരെയൊക്കെയാണ് മുമ്പ് ആലിംഗനം ചെയ്തുവെന്ന ചിത്രം ഓർമയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ലോകസഭക്കുള്ളിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ആലിംഗനം ചെയ്യുന്നത് ആഘോഷിക്കപ്പെട്ടില്ലേ. ആർ.എസ്.എസിന്റെ പ്രധാനപ്പെട്ട കുന്തമുനയായ മോദിയെ എങ്ങനെ രാഹുലിന് ആലിംഗനം ചെയ്യാൻ സാധിച്ചുവെന്ന ചോദ്യമടക്കം ഇൻഡ്യാ മുന്നണി യോഗത്തിൽ ഉയർന്നിരുന്നുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.യോഗത്തിൽ മറ്റു നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് പുറത്തുവിടാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
