അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാനും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനുമുള്ള ധാരണയിലേക്കാണ് ഇരുപക്ഷവും എത്തിയതെന്നും, ഇതിന് ഇസ്രായേലും സമ്മതം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറായിരുന്നെങ്കിലും, പശ്ചിമേഷ്യൻ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായും ട്രംപ് വ്യക്തമാക്കി. സമാധാന കരാർ വേഗത്തിൽ അന്തിമരൂപം നൽകാൻ ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങളും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കൻ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാൻ ആവർത്തിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ പൂർണമായി അവസാനിച്ചിട്ടില്ലെന്നും മേഖലയിലെ സുരക്ഷാ ആശങ്കകൾ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
