പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് ജെസി മാത്യുവിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാത്തതിനെ തുടർന്നാണ് പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയത്.14 അംഗ പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളാണുള്ളത്. സിപിഐഎമ്മിന് രണ്ട് അംഗങ്ങളുമുണ്ട്. അവിശ്വാസ പ്രമേയം പരിഗണിക്കാൻ ഏഴ് അംഗങ്ങളുടെ സാന്നിധ്യം ആവശ്യമായിരുന്നെങ്കിലും ബിജെപിയുടെ ആറ് അംഗങ്ങൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും തുല്യശക്തിയിലെത്തിയതിനെ തുടർന്ന് നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. എന്നാൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ സിപിഐഎമ്മിന്റെ രണ്ട് അംഗങ്ങൾ കോൺഗ്രസിനൊപ്പം നിന്നതോടെ ബിജെപിക്ക് ഭരണം നഷ്ടമായി.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ബിജെപിയുടെ അവിശ്വാസ ചർച്ചയിൽ നിന്ന് സിപിഐഎം വിട്ടുനിന്നതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.ബിജെപി ഭരണത്തെ താഴെയിറക്കാൻ കോൺഗ്രസിനൊപ്പം നിന്ന സിപിഐഎം, ബിജെപിയുടെ അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നതാണ് രാഷ്ട്രീയമായി ശ്രദ്ധേയമായത്. ബിജെപിയുടെ അവിശ്വാസം പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
