ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം തുടരുന്നതിനിടെ, സമരം ഒത്തുതീർന്നതായി സന്ദേശം അയച്ച് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ യൂബർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഡ്രൈവർമാർ. ട്രിപ്പുകൾ സ്വീകരിക്കാമെന്ന് അറിയിച്ചുള്ള സന്ദേശം യൂബർ ആപ്പിലൂടെ ലഭിച്ചതോടെ തൊഴിലാളികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായെന്നാണ് ആരോപണം.
മൂന്നുദിവസമായി തുടരുന്ന സമരത്തിനിടെ ഡ്രൈവർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ നിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാമെന്ന് ഓല, റാപ്പിഡോ, കേരള സഫാരി തുടങ്ങിയ പ്ലാറ്റ്ഫോമുകൾ അറിയിച്ചിരുന്നു. എന്നാൽ യൂബർ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് യൂബറിനെ മാത്രം ബഹിഷ്കരിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചത്.
തീരുമാനം അറിയിക്കാൻ എട്ട് ദിവസത്തെ സാവകാശം യൂബർ ആവശ്യപ്പെട്ടിരിക്കെയാണ് സമരം ഒത്തുതീർന്നതായി സന്ദേശം അയച്ചതെന്ന് ഡ്രൈവർമാർ പറയുന്നു. തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സമരം ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്നും അവർ ആരോപിക്കുന്നു.അതേസമയം, യൂബർ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സർവീസ് ബഹിഷ്കരണം കൂടുതൽ ശക്തമാക്കാനാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം. യൂബറുമായി ചർച്ച നടത്താമെന്ന ഗതാഗത കമ്മീഷണറുടെ ഉറപ്പിലാണ് ഡ്രൈവർമാർ ഇപ്പോൾ പ്രതീക്ഷ വയ്ക്കുന്നത്.
