ബാലവേലയ്ക്കായി കുട്ടികളെ പെരുമ്പാവൂരിലെത്തിച്ച കേസിൽ പ്രധാന ഏജന്റായ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊർജിതമാക്കി. കുട്ടികളോടൊപ്പമുണ്ടായിരുന്നവരെ ഫോണിൽ ബന്ധപ്പെടാൻ സഹായിച്ച പെരുമ്പാവൂർ സ്വദേശി അരുണ്‍ തോമസ് റാക്കറ്റിന്റെ ഭാഗമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം, റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് റാക്കറ്റിന്റെ മറ്റ് കണ്ണികളെ കണ്ടെത്താനാണ് നീക്കം.
ആദ്യഘട്ടത്തിൽ പെരുമ്പാവൂര്‍ സ്വദേശി അരുണ്‍ തോമസിന്റെ നിര്‍ദേശപ്രകാരമാണ് കുട്ടികളെ ബാലവേലയ്ക്ക് എത്തിച്ചതെന്ന നിഗമനത്തിലായിരുന്നു റെയില്‍വെ പൊലീസ്. എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ പ്രധാന ഏജന്റ് ഇതരസംസ്ഥാനക്കാരനാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.അരുണ്‍ തോമസിനെ അന്വേഷണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടില്ല. അരുണ്‍ തോമസിന്റെ ഫോണില്‍ നിന്നാണ് കുട്ടികളോടൊപ്പമുണ്ടായിരുന്ന ബിഹാറുകാര്‍ക്ക് ഫോണ്‍ വിളി എത്തിയത്. എന്നാല്‍ ഇത് യാദൃശ്ചികമായി സംഭവിച്ചതെന്നാണ് അരുണ്‍ തോമസിന്റെ മൊഴി. റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കോള്‍ ചെയ്യാനായി ഒരാള്‍ ഫോണ്‍ ആവശ്യപ്പെടുകയും വിളിക്കുകയായിരുന്നുമെന്നാണ് മൊഴി. ഇത് സത്യമാണോ എന്നുറപ്പിക്കാന്‍ റിമാന്‍ഡിലുള്ള രണ്ട് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണം
കുട്ടികൾക്കൊപ്പം കൂടുതൽ പേർ കേരളത്തിലെത്തിയിട്ടുണ്ടെന്നും അവർ മുതിർന്നവരാണെന്നുമാണ് അന്വേഷണ വിവരം. നേരത്തെയും ബിഹാറിൽ നിന്ന് സമാനരീതിയിൽ തൊഴിലാളികളെ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും, അന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ടിരുന്നതായും സംശയമുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ പൊലീസ് തയ്യാറെടുക്കുകയാണ്. റെയിൽവേ പൊലീസ് രക്ഷപ്പെടുത്തിയ കുട്ടികൾ നിലവിൽ റെയിൽവേ പൊലീസിന്റെ സംരക്ഷണയിലാണ്.
