കണ്ണൂർ സർവകലാശാലയിലെ ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചതിന് പിന്നാലെ വിവാദം. പാലയാട് ക്യാമ്പസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഐഷി ഘോഷിന് അനുമതി നിഷേധിച്ചതാണ് വിവാദമായത്.വൈസ് ചാൻസലറുടെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ഐഷി ഘോഷ് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുത്തു.
കൃത്യമായി അപേക്ഷ നൽകാത്തതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു. അതേസമയം, പരിപാടി തടഞ്ഞതിൽ അത്ഭുതമില്ലെന്നും ഇത്തരം പരിപാടികളോട് ആർഎസ്എസിന് എല്ലാക്കാലവും എതിർപ്പാണെന്നും ഐഷി ഘോഷ് പ്രതികരിച്ചു.സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷും രംഗത്തെത്തി. രക്തസാക്ഷികളുടെ മണ്ണിൽ സംഘപരിവാറിന്റെ തിട്ടൂരം കൈയിൽ വെച്ചാൽ മതിയെന്നായിരുന്നു പ്രതികരണം.
അതിനിടെ, കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ എസ്‌എഫ്‌ഐ ശവമഞ്ചം ഒരുക്കിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
