കണ്ണൂർ ചൊക്ലിയിൽ നിന്ന് 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് പത്താം ദിവസം. ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ് പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്‌ഐ ആർ. രാഗേഷ് അടക്കം എട്ട് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.30ന് ശേഷമാണ് ശിവസൂര്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. 12.45ഓടെ വീടിന് സമീപത്തെ പൂമരം ജംഗ്ഷനിലേക്ക് സ്കൂൾ ബാഗുമായി അതിവേഗം പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൈസൂരിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
വീട്ടിൽ നിന്ന് പോകുന്നതിന് മുൻപ് ‘ഞാൻ കാശിയിലേക്ക് പോകുന്നു’ എന്ന കുറിപ്പ് ശിവസൂര്യ എഴുതിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വാരണാസിയിലേക്കും വ്യാപിപ്പിച്ചത്. വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
