കോക്രോച്ച് ജനതാ പാർട്ടിയുടെ ഡൽഹി പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി. ലോക്സഭ സമ്മേളിച്ചയുടൻ തന്നെ പ്രതിപക്ഷ അംഗങ്ങൾ വിഷയം ഉന്നയിച്ചതോടെ സഭാനടപടികൾ തടസ്സപ്പെട്ടു.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരുന്ന ബാങ്കേഴ്സ് ബുക്സ് എവിഡൻസ് ബില്ലും, ടാക്സേഷൻ ആൻഡ് അദർ ലോസ് ബില്ലും ബഹളത്തിനിടെ മുന്നോട്ടുപോകാനായില്ല. ആദായനികുതി ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ. കെ. പ്രേമചന്ദ്രനും സൗഗത റോയും നൽകിയ പ്രമേയവും ഇന്നത്തെ പരിഗണനാ പട്ടികയിലുണ്ടായിരുന്നു.
സഭാ സ്തംഭനത്തിന് പിന്നാലെ കിരൺ റിജിജു രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് റിജിജു എത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ പ്രതികരിച്ചു. പാർലമെന്റ് സമ്മേളനം ആരംഭിക്കും മുൻപ് പ്രധാനമന്ത്രി ബിജെപി എംപിമാരുമായി യോഗം ചേർന്നിരുന്നു.
അമിത് ഷായുടെ വിശദീകരണത്തിനൊപ്പം രാം ജന്മഭൂമി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. ഇ-20 ഇന്ധന നയത്തിനെതിരെയും രാജ്യസഭയിൽ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.തുടർന്ന് “പ്രധാനമന്ത്രി എവിടെ? ആഭ്യന്തരമന്ത്രി എവിടെ?” എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി.
