ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിർണായക ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിനായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം എന്തിനാണ് വിട്ടുനൽകിയതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം പി.എസ്. പ്രശാന്ത് നൽകിയില്ല. 2025-ൽ തന്നെ സ്വർണം നഷ്ടമായെന്ന എസ്‌ഐടിയുടെ കണ്ടെത്തലിനെക്കുറിച്ചും വ്യക്തമായ മറുപടി ഉണ്ടായില്ല.
2019-ൽ സ്വർണം പൂശിയ ഭാഗം വീണ്ടും കൈമാറാൻ തീരുമാനിച്ചതെന്തിനെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
2025-ൽ സ്വർണം കൈമാറുന്നതിനെതിരെ തിരുവാഭരണ കമ്മീഷണർ ആദ്യം എതിർപ്പറിയിച്ചിട്ടും ദേവസ്വം ബോർഡ് അത് തള്ളിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിച്ചില്ല. ഉദ്യോഗസ്ഥരെയും ദേവസ്വം ജീവനക്കാരെയും വിശ്വസിച്ചാണ് തീരുമാനങ്ങൾ എടുത്തതെന്ന് പി.എസ്. പ്രശാന്ത് അന്വേഷണസംഘത്തോട് ആവർത്തിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റായ ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും, ശബരിമലയിലെ സ്പോൺസർ എന്ന നിലയിലാണ് അദ്ദേഹത്തെ അറിയുന്നതെന്നും പ്രശാന്ത് മൊഴി നൽകി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
2025-ൽ സ്വർണം കൈമാറിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ സ്വർണം അപഹരിച്ചെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, അയ്യപ്പന്റെ സ്വത്ത് അപഹരിക്കാൻ താൻ ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും പി.എസ്. പ്രശാന്ത് എസ്‌ഐടിക്ക് മൊഴി നൽകിയതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു.
