കേസിൽ അറസ്റ്റിലായ യാത്രക്കാരി ലക്ഷ്യമിട്ടത് കുടുംബത്തെ മറയാക്കിയുള്ള സ്വർണ്ണ കവർച്ചയെന്ന് പോലീസ്. സ്വർണം കവരാൻ ഗൂഢാലോചന നടത്തിയതും അറസ്റ്റിലായവർക്ക് ക്വട്ടേഷൻ നൽകിയതും തലശ്ശേരി സ്വദേശിനിയായ യുവതി തന്നെ ആണെന്നാണ് പോലീസ് കണ്ടെത്തൽ. നിരപരാധി ആണെന്നു തിരിച്ചറിഞ്ഞ ഭർത്താവിനെ പോലീസ് വിട്ടയച്ചു.
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിന്റെ ഗൂഢാലോചനയാണ് പുറത്തുവരുന്നത്. സ്വർണം പൊട്ടിക്കലടക്കം ആസൂത്രണം ചെയ്തത് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി പ്രിയങ്ക തന്നെയെന്നാണ് പോലീസ് കണ്ടെത്തൽ. ഭർത്താവിനെയും കുട്ടികളെയും മറയാക്കി അറസ്റ്റിലായ പ്രതികൾക്കൊപ്പം സ്വർണം കവർച്ച നടത്താനായിരുന്നു ലക്ഷ്യം. സ്വർണവുമായി ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ ശേഷം സ്വർണവുമായി കടന്ന് കളയുമ്പോൾ ഭർത്താവിനേയും കുട്ടികളെയും അതേ വാഹനത്തിൽ മറയാക്കി കയറ്റിയതും പ്രിയങ്കയുടെ പ്ലാൻ ആയിരുന്നു. ദുബായിൽ വെച്ചായിരുന്നു കവർച്ചയുടെ ഗൂഢാലോചന. അറസ്റ്റിലായ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരടങ്ങുന്ന സംഘത്തെ കരിപ്പൂരിൽ എത്തിച്ചതും പ്രിയങ്ക തന്നെയാണ്. എന്നാൽ പോലീസ് ഇടപെടലാണ് കവർച്ച ശ്രമം പൊളിച്ചത്.
കോഴിക്കോട് സ്വദേശിയായ സ്വഫ്‌വാൻ എന്നായാളാണ് അജ്മാനിൽ വെച്ച് സ്വർണം കൊടുത്തു വിട്ടതെന്നാണ് പ്രിയങ്ക പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രിയങ്ക വിളിച്ചുവരുത്തിയ കണ്ണൂരിൽ നിന്നുള്ള പൊട്ടിക്കൽ സംഘം നിരവധി കേസുകളിൽ പ്രതികളാണ്. അറസ്റ്റിലായ ശ്രീലാൽ നെടുമ്പാശ്ശേരിയിലും കവർച്ചാ കേസിൽ പ്രതിയാണ്. ഇതും പൊട്ടിക്കൽ സംഘത്തിന്റെ ഇടപെടൽ ആണെന്നാണ് പോലീസ് വിലയിരുത്തൽ. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ് വിലയിരുത്തൽ.
