കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായും തിമിഗംല ഛർദ്ദിയിൽ മായം കലർത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലൂടെയാണ് നിർണായക വിവരങ്ങൾ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. നോട്ട് ഇരട്ടിപ്പിക്കൽ, ഹവാല സംഘങ്ങളുമായി കേസിലെ മുഖ്യ പ്രതി സിബിയോണിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് രൂപയുടെ സ്വർണം സിബിയോൺ ബാങ്കുകളിൽ പണയപ്പെടുത്തിയതിന്റെ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിച്ചു. സിബിയോണിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചത് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായി കണ്ടെത്തി. പണം കൈമാറിയ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ തിമിംഗല ഛർദ്ദിയിൽ മായം ചേർത്തതായും സംശയമുണ്ട്. ഇതേ തുടർന്ന് തിമിംഗല ഛർദ്ദി വിശദ പരിശോധനയ്ക്ക് അയച്ചു. സിബിയോണിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
