സംസ്ഥാനത്തെ ജില്ലാ ജനറൽ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ പൈലറ്റ് പദ്ധതിയുമായി സർക്കാർ.ജനറൽ മെഡിസിൻ, സർജറി, ശിശുരോഗം, ഇഎൻടി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ 24 മണിക്കൂർ സേവനം ഉറപ്പാക്കാനാണ് നീക്കം. മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കുള്ള റഫറൽ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.പൈലറ്റ് പദ്ധതി പുനലൂർ ആശുപത്രിയിലാണ് ആദ്യമായി നടപ്പാക്കുക.ഇതിനായി നോഡൽ ഓഫീസറെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി.
പദ്ധതി നടപ്പാക്കുന്ന ആശുപത്രികളിലെ മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ ആവശ്യകത കണക്കാക്കി നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിക്കും. ആവശ്യമായാൽ പുതിയ നിയമനങ്ങളും പരിഗണിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും.
പുനലൂരിലെ പൈലറ്റിന് പിന്നാലെ ആറുമാസത്തിനുള്ളിൽ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.എന്നാൽ ഡോക്ടർമാരുടെ കുറവ് രൂക്ഷമായി തുടരുന്നതിനിടെ പദ്ധതി നടപ്പാക്കുന്നതിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തി. നിലവിലുള്ള ഡോക്ടർമാർക്ക് അധിക ജോലിഭാരം ഉണ്ടാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.സംഘടനകളുമായി ചർച്ച നടത്താൻ കൂടി നോഡൽ ഓഫീസറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
