പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തിൽ മരണം 132 ആയി. 570ലേറെ പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കെട്ടിടങ്ങൾ തകർന്നുവീണതിനെ തുടർന്ന് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34നാണ് ശക്തമായ ഭൂചലനമുണ്ടായത്. ചോക്കോ മേഖലയിലെ സാൻ ഹോസെ ഡെൽ പാൽമറിന് സമീപമാണ് പ്രഭവകേന്ദ്രം. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് പ്രദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിൽ വീടുകളും ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. 1,575 വീടുകൾക്കും 18 ആരോഗ്യകേന്ദ്രങ്ങൾക്കും 52 സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. കുറഞ്ഞത് 61 കെട്ടിടങ്ങൾ പൂർണമായും തകർന്നുവീണു.പെരേര, കാലി, ക്വിബ്ദോ, മനിസാലസ് തുടങ്ങിയ നഗരങ്ങളിലാണ് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെരേരയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.
പ്രധാന ഭൂചലനത്തിന് പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ കൂടുതൽ കെട്ടിടങ്ങൾ തകരാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ആശയവിനിമയ സംവിധാനങ്ങൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതോടെ ദുരന്തത്തിന്റെ പൂർണ വ്യാപ്തി വിലയിരുത്തുന്നതിലും ബുദ്ധിമുട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊളംബിയൻ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കുന്നതിനാണ് നടപടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കുന്നുണ്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്.
