കൊല്ലം നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനുവേണ്ടിയുള്ള നേവിയുടെ തിരച്ചിൽ അവസാനിപ്പിച്ചു. നേവി, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയാണ് ഇന്ന് അവസാനിപ്പിച്ചത്.
നേവിയുടെ സ്കൂബാ സംഘം ഉച്ചയ്ക്ക് രണ്ട് മണിവരെ കടലിൽ പരിശോധന നടത്തിയെങ്കിലും ഗൗതം കൃഷ്ണനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. നാളെയും മേഖലയിൽ നേവിയുടെ ഹെലികോപ്ടർ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ പ്രതികരിച്ചു. അതേസമയം, ഫിഷറീസ് വകുപ്പ് മന്ത്രി പിന്നീട് തന്നെ വിളിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു.ഗൗതത്തിന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിന് ഗൗതം കൃഷ്ണന്റെ അമ്മ നന്ദി അറിയിച്ചു.
