കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ നടപടി നേരിടുന്ന കെ എ രതീഷ് രാജിവെച്ചു. മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി. കെ എ രതീഷ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എന്നീ പദവികളിൽ നിന്നാണ് കെ.എ രതീഷ് രാജിവച്ചത്. സർക്കാരിൻ്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ കെ.എ രതീഷ് തുടരുന്നതിനെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അഴിമതി കേസിൽ വിചാരണ കാത്തുനിൽക്കുന്ന പ്രതി എങ്ങനെയാണ് സർക്കാരിൻ്റെ ഉയർന്ന സ്ഥാനങ്ങളിൽ തുടരുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങിയത്.
കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരിക്കെ വിദേശത്തുനിന്നും കശുവണ്ടി ഇറക്കുമതി ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് കെ.എ രതീഷ്.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും കെ.എ രതീഷിനും എതിരെ കശുവണ്ടി അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയത് യുഡിഎഫ് സർക്കാരാണ്.
