വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതി വിധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വഖഫ് നിയമ ഭേദഗതിക്കെതിരായ വിവിധ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, നിലവിൽ ബോർഡിൽ സങ്കീർണത സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
വഖഫ് ബോർഡ് വിപുലമായി പുനഃസംഘടിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വിവിധ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളുടെ അർഹതാ നിർണയം പൂർത്തിയാക്കേണ്ടതുണ്ട്.ഇതിനായി സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ എണ്ണം, മൂല്യം എന്നിവ കണക്കാക്കാൻ ബോർഡ് സി.ഇ.ഒയ്ക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സി.ഇ.ഒയുടെ റിപ്പോർട്ട് ലഭിച്ചശേഷം ബോർഡ് പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ബോർഡിലെ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിൽ നിയമാനുസൃതമായി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും, വഖഫ് ബോർഡിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
