തമിഴ്നാട് ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തേയിലത്തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഓവേലി ലാറൻസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളി ബാലകൃഷ്ണൻ മരുതനാണ് കൊല്ലപ്പെട്ടത്. വയനാട് ചീരാലിലും കടുവയുടെ ആക്രമണത്തിൽ രണ്ട് വളർത്തുപോത്തുകൾ ചത്തു.
ഗൂഡല്ലൂർ ഓവേലിയിൽ വനത്തോട് ചേർന്ന ലാറൻസ്റ്റൺ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണൻ മരുതൻ താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണൻ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മൃതശരീരം ബന്ധുക്കളെയോ നാട്ടുകാരെയോ കാണിക്കാതെ വനത്തിലൂടെ കൊണ്ടുപോയെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഗൂഡല്ലൂരിലെ ജനവാസ മേഖലകളിൽ വന്യജീവി സാന്നിധ്യവും ആക്രമണവും രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു.
അതേസമയം, വയനാട് ചീരാൽ വെള്ളച്ചാലിലും കടുവയുടെ ആക്രമണമുണ്ടായി. ഒപ്പമറ്റത്തിൽ റെജിയുടെ രണ്ട് വളർത്തുപോത്തുകളെയാണ് കടുവ കൊന്നത്. രാവിലെ കാപ്പിത്തോട്ടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മാറ്റിക്കെട്ടാൻ എത്തിയപ്പോഴാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വന്യജീവി ശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. റെജിക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉറപ്പ് നൽകി. ക്യാമറ, ഡ്രോൺ നിരീക്ഷണവും ശക്തമാക്കും. നാളെ തന്നെ കൂട് സ്ഥാപിച്ച് നിരീക്ഷണം ആരംഭിക്കാനാണ് തീരുമാനം
