ഡയറ്റ് (ജില്ലാ അധ്യാപക പരിശീലന കേന്ദ്രം) അധ്യാപക നിയമനത്തിനായുള്ള പിഎസ്സി പരീക്ഷയിലും ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കി. കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഒരു സംഘം പരീക്ഷ അട്ടിമറിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്.
2022-ൽ 44 തസ്തികകളിലേക്കാണ് പിഎസ്സി വിജ്ഞാപനം പുറത്തിറക്കിയത്. അപേക്ഷകർക്ക് അതത് വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടിയ എം.എഡ് യോഗ്യത നിർബന്ധമായിരുന്നു. എന്നാൽ, ഈ മാനദണ്ഡം മറികടക്കാൻ ചില ഉദ്യോഗാർഥികൾക്ക് എല്ലാ വിഷയങ്ങളിലും സ്പെഷ്യലൈസേഷൻ ഉണ്ടെന്ന തരത്തിൽ തുല്യത സർട്ടിഫിക്കറ്റ് നൽകിയെന്നാണ് പ്രധാന ആരോപണം.
2023 ജൂലൈയിൽ ഡയറ്റ് പരീക്ഷയ്ക്കായി സംഘടിപ്പിച്ച കോച്ചിങ് ക്ലാസിന്റെ സംഘാടകർ തന്നെ ചോദ്യപേപ്പർ തയ്യാറാക്കലിലും മൂല്യനിർണയത്തിലും ഇടപെട്ടെന്നും പരാതിയിൽ പറയുന്നു. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതിയില്ലാതിരുന്ന ചോദ്യപേപ്പർ പരീക്ഷക്ക് പിന്നാലെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചെന്നും ആരോപണമുണ്ട്.
പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃകയിലാക്കിയതും, ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിട്ടും ഉത്തരസൂചിക പ്രസിദ്ധീകരിക്കാതിരുന്നതും സംശയങ്ങൾക്ക് ഇടയാക്കിയതായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. വിവിധ തസ്തികകളിലെ റാങ്ക് ലിസ്റ്റുകളിൽ ഒരേ ഉദ്യോഗാർഥികൾ മുൻനിരയിൽ എത്തിയതും അസ്വാഭാവികമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തുല്യത സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചതിലെ നടപടിക്രമങ്ങൾ ഉൾപ്പെടെ എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിക്കുമെന്ന് എസ്ഐടി അറിയിച്ചു. അന്വേഷണം അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നാണ് സൂചന
