മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ വിജിലൻസിന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദേശം. പരാതിയിൽ അടുത്ത മാസം 20നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
ഗണേഷ് കുമാർ മന്ത്രിയായിരിക്കെ, ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനമായ മിഡ്നൈറ്റ് സൺ ഗ്ലോബൽ കമ്പനിക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട സഹായം നൽകിയെന്നാണ് പരാതി. കേരഫെഡ് വിപണനം ചെയ്യുന്ന വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നതിനും, മിൽമ ഉൽപ്പന്നങ്ങൾ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വിപണനം ചെയ്യുന്നതിനുമുള്ള കരാറുകൾ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സ്ഥാപനത്തിന് നൽകിയതെന്നാണ് പരാതിക്കാരന്റെ ആരോപണം.
പരാതിക്കാരനായ ചെഷയർ ടാർസൻ 2026 മാർച്ച് 13ന് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. ഓഗസ്റ്റ് 20ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
