മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്സഭയിൽ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ഈ മാസം 16 മുതൽ 18 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനാണ് തീരുമാനം. ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കേന്ദ്രം രാഷ്ട്രീയതലത്തിൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ഏപ്രിലിൽ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ ബില്ലുകൾ പാസാകാതെ പോയിരുന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും ചില പ്രതിപക്ഷ പാർട്ടികളിലെ നിലപാട് വ്യതിയാനങ്ങളും എൻഡിഎയ്ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, ഡൽഹി സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൗനം തുടരുന്ന സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. ബില്ലുകളിലെ വിവിധ വ്യവസ്ഥകളെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
