2026-ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ പതിമൂന്ന് പ്രതികൾക്കെതിരെ സിബിഐ ഡൽഹിയിലെ റൗസ് അവന്യൂ ഫാസ്റ്റ്-ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ നിർണായക നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.കുറ്റപത്രത്തിൽ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ, പബ്ലിക് എക്സാമിനേഷൻസ്, ആക്ട്, 2024 ഉം പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടും ഉൾപ്പെടെയുള്ള നിയമങ്ങളും പ്രയോഗിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം മുതൽ അത് പ്രയോജനപ്പെടുത്തിയ ഉദ്യോഗാർഥികൾ വരെയുള്ള ശൃംഖല സിബിഐ കണ്ടെത്തിയതായി അറിയിച്ചു. ഡിജിറ്റൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ, കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായങ്ങൾ, അക്കാദമിക് വിദഗ്ധരുടെ വിലയിരുത്തലുകൾ എന്നിവയും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.ഈ വർഷം മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ 22.7 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലിനെ തുടർന്ന് മേയ് 12-ന് പരീക്ഷ റദ്ദാക്കുകയും, ജൂൺ 21-ന് വീണ്ടും പരീക്ഷ നടത്തുകയും ചെയ്തിരുന്നു
