സ്ത്രീ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മുൻ ബിജെപി എംപിയും മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരണ് സിങ്ങിനെയും മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും ഡൽഹിയിലെ റൗസ് അവന്യൂ കോടതി വെറുതെവിട്ടു. മൂന്ന് വർഷത്തിലേറെ നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സാക്ഷിമൊഴികളിലും തെളിവുകളിലും വൈരുധ്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടായതിനാൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
വിധിക്ക് പിന്നാലെ, കോടതി തങ്ങളോട് നീതി പുലർത്തിയെന്നും തങ്ങൾ കുറ്റവിമുക്തരായെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരായ ഗുസ്തി താരങ്ങളുടെ പക്ഷം അറിയിച്ചു.
