വയനാട് അമ്പലവയലിലും ശ്രീറാം ഫിനാൻസിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. എടുക്കാത്ത ലോണിനും തിരിച്ചടവ് രേഖപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ എടുത്ത വായ്പ പൂർണമായും തിരിച്ചടച്ചവരുടെ പേരിലും ലക്ഷങ്ങളുടെ ലോൺ കുടിശ്ശിക കാണിക്കുന്നതായും പരാതിക്കാർ ആരോപിക്കുന്നു.
ലോണിന് ജാമ്യം നിന്നവരുടെ പേരിലും ലോൺ എടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. സിബിൽ സ്കോറിനെ ബാധിച്ചതോടെയാണ് പലരും പരിശോധന നടത്തിയത്. തുടർന്ന് തങ്ങളുടെ പേരിൽ ലോൺ കുടിശ്ശിക രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.
കെവൈസി വിവരങ്ങൾ ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്. അമ്പലവയലിൽ നിലവിൽ ഏഴോളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ യുവമോർച്ച ബത്തേരി മണ്ഡലം പ്രസിഡന്റ് എം.എസ്. മഞ്ജുനാഥ് അമ്പലവയൽ പോലീസിൽ പരാതി നൽകി.
ശ്രീറാം ഫിനാൻസ് അധികൃതരുമായി ബന്ധപ്പെടുമ്പോൾ സാങ്കേതിക പ്രശ്നമാണെന്നാണ് മറുപടി ലഭിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. സംഭവത്തിൽ വയനാട് എസ്.പിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് പരാതിക്കാർ. പരസ്യ പ്രതിഷേധത്തിനും യുവമോർച്ച ഒരുങ്ങുകയാണ്.
