28 വർഷമായി തെളിയാതെ കിടന്ന അമ്മയും നാല് മക്കളും കൊല്ലപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. മുംബൈയിലെ കാശിമിറിൽ 1994 നവംബറിൽ നടന്ന കൂട്ടക്കൊലപാതകത്തിലാണ് എംബിവിവി പൊലീസ് പ്രതികളിലൊരാളെ പിടികൂടിയത്. രാജ്കുമാർ ചൗഹാനെയാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
1994 നവംബർ 16-നാണ് കാശിമിറിലെ പെൻകർപാഡ മേഖലയിൽ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 27 വയസുകാരിയായ ജഗ്രാണിദേവി പ്രജാപതിയും നാല് മക്കളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളിൽ ഒരാൾക്ക് അഞ്ച് വയസും മറ്റൊരാൾക്ക് മൂന്ന് വയസും മറ്റൊരാൾക്ക് രണ്ട് വയസുമായിരുന്നു. നാലാമത്തെ കുട്ടിക്ക് വെറും മൂന്ന് മാസം മാത്രമായിരുന്നു പ്രായം.കേസിൽ രാജ്കുമാർ ചൗഹാനെ കൂടാതെ അനിൽ സരോജ്, സുനിൽ സരോജ് എന്നിവരെയും പ്രതികളാക്കിയിരുന്നു. എന്നാൽ മൂന്ന് പേരും സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതോടെ കേസ് വർഷങ്ങളോളം തെളിയാതെ കിടന്നു.
പുതുതായി രൂപീകരിച്ച എംബിവിവി കമ്മീഷണറേറ്റിലെ ക്രൈം ബ്രാഞ്ച് പഴയ പ്രധാന കേസുകൾ വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അന്വേഷണത്തിൽ രാജ്കുമാർ ചൗഹാൻ ഉത്തർപ്രദേശിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഖത്തറിൽ ജോലി ചെയ്യുന്നതായും കണ്ടെത്തി.ചൗഹാന്റെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച പൊലീസ് രാജ്യത്തെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഖത്തറിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതോടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് എംബിവിവി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളും കൂട്ടാളികളും ജഗ്രാണിദേവിയുടെ ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നുമാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. കേസിലെ മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.28 വർഷങ്ങൾക്ക് ശേഷം കേസിലെ ആദ്യ അറസ്റ്റ് നടന്നതോടെ, വർഷങ്ങളായി ദുരൂഹമായി കിടന്ന കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
