റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലുള്ള ആഡംബര റസ്റ്റോറന്റായ ബാൽസി റോസിക്ക് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു സംഭവം. റസ്റ്റോറന്റിൽ സ്വകാര്യ ചടങ്ങ് നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഒരു സ്ത്രീ കൈവശം കൊണ്ടുവന്ന നിർമിത സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്ന് റഷ്യയുടെ ദേശീയ ഭീകരവിരുദ്ധ സമിതി അറിയിച്ചു. സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ സ്ഫോടകവസ്തു കൈവശം വച്ചിരുന്ന സ്ത്രീയും, അവരെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും, റസ്റ്റോറന്റിലുണ്ടായിരുന്ന ഒരു അതിഥിയും ഉൾപ്പെടുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 21 പേർക്ക് പരിക്കേറ്റതായും, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും സ്ഫോടനത്തിന്റെ ഉദ്ദേശ്യവും ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ ഇത് ആസൂത്രിത ബോംബാക്രമണമാണെന്നാണ് സൂചന. എന്നാൽ ഇത് ചാവേർ ആക്രമണമാണോ, അല്ലെങ്കിൽ സ്ഫോടകവസ്തു റിമോട്ടിലൂടെ പ്രവർത്തിപ്പിച്ചതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
സ്ഫോടനത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞ് ഫോറൻസിക് പരിശോധനയും തെളിവെടുപ്പും ആരംഭിച്ചു. റസ്റ്റോറന്റിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ആക്രമണത്തിന്റെ പശ്ചാത്തലവും ലക്ഷ്യവും കണ്ടെത്താനുള്ള ശ്രമമാണ് റഷ്യൻ അന്വേഷണ ഏജൻസികൾ നടത്തുന്നത്.
