2020-ലെ ഡൽഹി വടക്കുകിഴക്കൻ കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ്. ഡൽഹിയിലെ കർകർദൂമ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് നാല് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു.
ജൂലൈ 28-ന് താഹിർ ഹുസൈനും മറ്റ് പ്രതികളും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷ നിർണയ വേളയിൽ കുറ്റകൃത്യം അതീവ ഗുരുതരമാണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കാനാകില്ലെന്നും പ്രതികൾ പുനരധിവാസത്തിന് അതീതരാണെന്ന് തെളിയിക്കാനായില്ലെന്നും വിലയിരുത്തിയാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയുണ്ടായ ഡൽഹി കലാപത്തിനിടെയാണ് 26-കാരനായ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ടത്. ചാന്ദ് ബാഗ് പ്രദേശത്തെ ഡ്രെയിനിൽ നിന്ന് നിരവധി മുറിവുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധമുയർന്നിരുന്നു.
