ഗാസയിൽ സമാധാനത്തിലേക്കുള്ള നിർണായക നീക്കം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസിന്റെ ഘട്ടംഘട്ടമായുള്ള പൂർണ നിരായുധീകരണത്തിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനും ധാരണയായതായി ട്രംപ് അറിയിച്ചു.
ട്രംപിന്റെ മുൻകൈയിൽ രൂപീകരിച്ച ബോർഡ് ഓഫ് പീസ് എന്ന അന്താരാഷ്ട്ര സമിതിയുടെ നേതൃത്വത്തിലാണ് സമാധാന റോഡ്‌മാപ്പ് തയ്യാറാക്കിയതെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് ഹമാസ് ഉൾപ്പെടെയുള്ള സായുധ വിഭാഗങ്ങൾ ആയുധങ്ങൾ ഘട്ടംഘട്ടമായി കൈമാറുന്ന മുറയ്ക്ക് ഇസ്രയേൽ സൈന്യവും ഗാസയിൽ നിന്ന് പിന്മാറും. നിരായുധീകരണ നടപടികൾ 200 മുതൽ 350 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് സൂചന.
നിരായുധീകരണം പൂർത്തിയായ ശേഷം പുതിയ പലസ്തീൻ ഭരണസംവിധാനം രൂപീകരിച്ച് ഗാസയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥശ്രമങ്ങളാണ് കരാർ സാധ്യമാക്കാൻ നിർണായകമായതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമാധാന റോഡ്‌മാപ്പ് ഹമാസ് അംഗീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ പൂർണമായി പാലിക്കുകയും ഗാസയിൽ നിന്ന് പിന്മാറ്റം ആരംഭിക്കുകയും ചെയ്താൽ മാത്രമേ തങ്ങളുടെ ഭാഗമായ നിരായുധീകരണ നടപടികൾ നടപ്പാക്കൂ എന്ന നിലപാടാണ് ഹമാസ് പ്രതിനിധികൾ വ്യക്തമാക്കുന്നത്.
