കോഴിക്കോട് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യയുടെ വിദേശയാത്രയും പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണ പരിധിയിൽ. കഴിഞ്ഞ വർഷം ബിആർസി ജില്ലാ കോർഡിനേറ്ററുടെയോ എസ്.എസ്.കെ. അധികൃതരുടെയോ അനുമതിയില്ലാതെയാണ് കാവ്യ ദുബായിലേക്ക് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. ഈ യാത്രയ്ക്കുള്ള ചെലവ് ലഹരി ഇടപാടിലൂടെ കണ്ടെത്തിയതാകാമെന്ന സംശയത്തിലാണ് അന്വേഷണം.പ്രതിമാസം ഏകദേശം 12,000 രൂപ മാത്രം ശമ്പളം ലഭിച്ചിരുന്ന അധ്യാപികമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
കൂടുതൽ അധ്യാപകർ ലഹരി ശൃംഖലയുടെ ഭാഗമായിട്ടുണ്ടോയെന്നതും ബിആർസിയെ കേന്ദ്രീകരിച്ച് പരിശോധിക്കും. നിലവിൽ അഞ്ച് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. അധ്യാപികമാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരിലേക്ക് എംഡിഎംഎ എത്തിച്ച ഉറവിടവും അന്വേഷണത്തിലാണ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരിലേക്ക് ജിജിൽ കുര്യാക്കോസിലൂടെ ലഹരി എത്തിച്ചെന്നും, ഇതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്നിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.അതേസമയം, അധ്യാപകരും ഡോക്ടർമാരും ലഹരി കേസിൽ പിടിയിലാകുന്നത് ഞെട്ടിക്കുന്ന സംഭവമാണെങ്കിലും, ഇതിന്റെ പേരിൽ മുഴുവൻ അധ്യാപക സമൂഹത്തെയും സാമാന്യവൽക്കരിക്കാനാകില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ വിജയൻ ബിഗ് ടിവിയോട് പ്രതികരിച്ചു.
