സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയിൽ പൊലീസിനോട് ഹൈക്കോടതി മറുപടി തേടി. ഹർജിയിൽ മ്യൂസിയം പൊലീസ് നാളെ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു.അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും, അറസ്റ്റിന്റെ കാരണം പൊലീസ് അറിയിച്ചില്ലെന്നും സിപിഎം പ്രവർത്തകരായ പ്രതികൾ കോടതിയെ അറിയിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനുള്ള നിയമനടപടികൾ പാലിച്ചില്ലെന്നും, മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടത്തിയതെന്നുമാണ് വാദം.
കൊലപാതകശ്രമക്കുറ്റം ഈ കേസിൽ നിലനിൽക്കുന്നതല്ലെന്നും, ബിഎൻഎസ് 109-ാം വകുപ്പ് അനാവശ്യമായി ചുമത്തിയതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 56 ദിവസമായി പൊലീസ് കസ്റ്റഡിയിലാണുള്ളതെന്നും, അന്വേഷണത്തിന്റെ പ്രധാനഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും പ്രതികൾ വാദിച്ചു. നേരത്തെ ചുമത്തിയ കേസുകളും രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ പരാതിക്കാരനായ ഇഡി അസിസ്റ്റന്റ് ഡയറക്ടറെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.
