യുക്രൈനിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വാണിജ്യ ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികരിൽ രണ്ടുപേരെ കാണാതായി. മറ്റ് രണ്ടുപേർ സുരക്ഷിതരാണെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കാണാതായവർക്കായി യുക്രൈൻ അധികൃതരുമായി ചേർന്ന് തിരച്ചിൽ തുടരുകയാണെന്നും എംബസി വ്യക്തമാക്കി.
റഷ്യ–യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒഡേസ തുറമുഖവും കരിങ്കടൽ മേഖലയിലെ വാണിജ്യ കപ്പൽഗതാഗതവും വീണ്ടും സുരക്ഷാ ആശങ്ക ഉയർത്തുകയാണ്. ദിവസങ്ങൾക്കുമുമ്പ് ഇതേ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പുതിയ ആക്രമണം. ഇതോടെ കരിങ്കടൽ മേഖലയിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
