വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വീണ്ടും നിയമന വിവാദം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേക്ക് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നിയമനത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.
വിഎച്ച്എസ്ഇയിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി ടെക്‌നിക്കൽ ഓഫീസർമാരെയും റിസർച്ച് അസിസ്റ്റന്റുമാരെയും നിയമിക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ ഡെപ്യൂട്ടേഷനിലൂടെ നിയമിച്ചതെന്നാണ് ആക്ഷേപം.
വയനാട് വടുവാൻചാൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.വി.മനോജിനെ ഡെപ്യൂട്ടി ഡയറക്ടറായും, കൊല്ലം, കുറ്റിപ്പുറം, വടകര റീജിയണൽ ഓഫീസുകളിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ നിയമിച്ചതോടെ വിഎച്ച്എസ്ഇ അധ്യാപകരുടെ പ്രമോഷൻ അവസരം നഷ്ടപ്പെടുത്തിയെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.
സമഗ്ര ശിക്ഷ കേരളയിലും ചട്ടവിരുദ്ധ നിയമനമെന്നാണ് മറ്റൊരു പരാതി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി എത്തുംമുമ്പേ ബ്ലോക്ക്, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ തസ്തികകളിൽ നിയമനം നടത്തിയെന്നാണ് ആരോപണം. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ നിയമനങ്ങളാണ് വിവാദമായിരിക്കുന്നത്.നിയമനങ്ങളിൽ സുതാര്യത പാലിച്ചില്ലെന്നും ചട്ടങ്ങൾ ലംഘിച്ചുവെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആരോപണങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം ലഭിക്കാനുണ്ട്.
