യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, കഴിഞ്ഞ സർക്കാർ സുപ്രധാന തസ്തികകളിൽ നിയമിച്ച ഉദ്യോഗസ്ഥരെ മാറ്റാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പോലീസിൽ വ്യാപക അഴിച്ചുപണിക്ക് സർക്കാർ തുടക്കമിട്ടത്. ഒരേസമയം 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ വിവാദത്തിലായ കോഴിക്കോട് റൂറൽ ഡിവൈഎസ്പി സുനിൽകുമാറിനെ ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായി നിയമിച്ചു.പി.എം. മനോജിനെ നാദാപുരം ഡിവൈഎസ്പിയായും പി.കെ. മണിയെ പയ്യന്നൂർ ഡിവൈഎസ്പിയായും നിയമിച്ചു. മൂസ വള്ളിക്കാടനെ കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും നിയമിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസിൽ ഇതോടെ അഴിച്ചുപണി ആരംഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ എസ്.പി.മാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉൾപ്പെടെ കൂടുതൽ ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് സൂചന.
